Thursday, April 25, 2024
keralaNews

കോവിഡ് വാക്സിന് അനുമതി; ആദ്യഘട്ട വിതരണം ഉടന്‍

രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്‌സിന്‍ വിതരണം ചെയ്യുക.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയ്ക്ക് അനുമതി നല്‍കാന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിന്‍ വിതരണം തുടങ്ങുമെന്നാണ് വിവരം. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ ഡിജിസിഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അത് വിശദമായി പഠിച്ചശേഷമാണ് ഉപയോഗത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റം കൊവിഷീല്‍ഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്സിനുകള്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. കൊവിഷീല്‍ഡ് ഡോസിന് 250 രൂപ, കൊവാക്സിന് 350 രൂപ എന്നിങ്ങനെയാണ് വാക്സിനുകളുടെ വില.അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കഴിയുന്ന പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകള്‍ക്കും നിലവില്‍ അടിയന്തരഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഉറച്ച നാഴികകല്ലാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. എല്ലാം മുന്നണി പോരാളികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.