Sunday, May 5, 2024
keralaNews

അതിരപ്പിള്ളി വാഴച്ചാല്‍ വനപാതയില്‍ കരിമ്പുലിയെ കണ്ടെത്തി

അതിരപ്പിള്ളി -വാഴച്ചാല്‍ വനപാതയില്‍ കരിമ്പുലിയെ കണ്ടെത്തി. അപൂര്‍വ്വമായാണ് കരിമ്പുലിയെ കാണാറുള്ളത്. പൊലീസ് വാഹനത്തിന് മുന്നിലാണ് പുലി വന്നുവെട്ടത്. വാഹനത്തിന് വട്ടം ചാടി. ഇന്നലെ രാത്രി 8 മണിയോടെ പുളിയിലപ്പാറക്കും വാച്ചുമരത്തിനും ഇടയിലാണ് മലക്കപ്പാറ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലൂടെ കരിമ്പുലി വട്ടം ചാടിയത്. റോഡിന് കുറുകെ കടന്ന പുലി കുറച്ച് സമയം വഴിയരികില്‍ നിലയുറപ്പിച്ച ശേഷമാണ് കാട്ടില്‍ മറഞ്ഞത്.

ആദ്യം മരത്തിനു ചുവട്ടിലെ അടിക്കാടില്‍ ഒളിക്കാന്‍ ശ്രമം നടത്തിയെങ്കിലും വാഹനത്തിന്റെ വെളിച്ചം അടിച്ചതോടെ തിരിഞ്ഞ് നോക്കി കാട്ടിലേക്കു ഓടി മറയുകയായിരുന്നു. ഔദ്യോഗീക ആവശ്യത്തിനു ചാലക്കുടിയിലേക്ക് പോകുകയായിരുന്ന മലക്കപ്പാറ സ്റ്റേഷന്‍ ഒഫീസര്‍ ഡി.ദീപു, സിവില്‍ പൊലീസ് ഒഫീസര്‍മാരായ പി.ഡി രാജേഷ്, വൈ.വില്‍സന്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കരിമ്ബുലിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. ഈ മേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ കരിമ്പുലിയുടെ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ഉള്‍ക്കാട്ടില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്നും വനം വകുപ്പ് അധികാരികള്‍ അറിയിച്ചു.