Tuesday, April 30, 2024
EntertainmentkeralaNews

നാല്‍പ്പത്തി നാലാമത് കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ നിവിന്‍ പോളി നടി മഞ്ചു വാര്യര്‍.

നാല്‍പ്പത്തി നാലാമത് കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളിയ്ക്ക് ലഭിച്ചു. മൂത്തോനിലെ അഭിനയമാണ് നിവിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിലൂടെ മഞ്ചു വാര്യര്‍ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ലിജോയ്ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും. മൂത്തോന്‍ സംവിധാനം ചെയ്ത ഗീതു മോഹന്‍ദാസാണ് മികച്ച സംവിധായക.
സമഗ്ര സംഭാവന മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്ന പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും. വര്‍ഷങ്ങളായി ദക്ഷിണേന്ത്യയില്‍ അനുകരണീയമായ അഭിനയശൈലി കാഴ്ച വെയ്ക്കുന്ന നടന്‍ മമ്മൂട്ടിയ്ക്ക് ക്രിട്ടിക്സ് ജൂബിലി അവാര്‍ഡ് നല്‍കും. ചലച്ചിത്ര പ്രതിഭ പുരസ്‌കാരത്തിന് ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ അര്‍ഹരായി.മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത് രണ്ടുപേരാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസനും ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ചെമ്പന്‍ വിനോദും പുരസ്‌കാരത്തിനര്‍ഹരായി.

മികച്ച സഹനടി സ്വാസിക(വാസന്തി), മികച്ച തിരക്കഥാകൃത്ത് സജിന്‍ ബാബു(ചിത്രം: ബിരിയാണി), മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ്(ശ്യാമരാഗം), മികച്ച സംഗീത സംവിധാനം ഔസേപ്പച്ചന്‍(എവിടെ), മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ്(പതിനെട്ടാംപടി, ശ്യാമരാഗം), മികച്ച പിന്നണി ഗായിക മഞ്ജരി(മാര്‍ച്ച് രണ്ടാം വ്യാഴം) മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍(ജെല്ലിക്കെട്ട്) മികച്ച ജനപ്രിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നിങ്ങനെയാണ് മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍.ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.തേക്കിന്‍കാട് ജോസഫ്, എ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു മറ്റ് ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പ്പത് ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.