Thursday, May 2, 2024
keralaNews

അതിജീവിത സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ നിന്നു കൂടി ഹൈക്കോടതി ജഡ്ജി കൗസര്‍ പിന്മാറി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ നിന്നു കൂടി പിന്മാറി ഹൈക്കോടതി ജഡ്ജി കൗസര്‍ ഇടപഗത്ത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയിലാണ് പിന്മാറ്റം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചയുടന്‍ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസര്‍ ഇടപഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് പിന്മാറ്റം. അതിജീവിതയുടെ ഹര്‍ജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് അതിജീവിതയുടെ ഹര്‍ജികളില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ ഇടപഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ കൗസര്‍ ഇടപഗത്ത് പിന്മാറിയത്. എറണാകുളം സെഷന്‍സ് ജഡ്ജിയായിരിക്കെ കൗസര്‍ ഇടപഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം.