Friday, May 3, 2024
keralaNews

പച്ചക്കറി വില സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്നു.

പച്ചക്കറി വില സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്നു. ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.നേരത്തെ സര്‍ക്കാര്‍ ഇടപെട്ടതോടെ പച്ചക്കറി വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില താഴ്ന്നു തുടങ്ങിയത്.എന്നാല്‍ ഇന്ന് വീണ്ടും തക്കാളിക്ക് വില നൂറ് കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപയായി കുറഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാര്‍ ഇന്ന് 100 മുതല്‍ 120 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്. മുരിങ്ങക്ക 200, വെണ്ടയ്ക്ക 60, പാവയ്ക്ക 80 എന്നിങ്ങനെയാണ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഇന്നത്തെ പച്ചക്കറി വില.കോഴിക്കോടും പച്ചക്കറി വില ഉയര്‍രുകയാണ്. വില കുത്തനെ കൂടിയെങ്കിലും വില പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ്പ്, തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതല്‍ ശരാശരി 80 ടണ്‍ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56, മുരിങ്ങയ്ക്കിക്ക് 89, വെണ്ട 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോര്‍ട്ടികോര്‍പ്പ് വില. ഇതേ നിരക്കില്‍ വില്‍പ്പന തുടരാനും കൂടുതല്‍ ലോഡ് എത്തിക്കാനുമാണ് നീക്കം. എങ്കിലും മോശം കാലാവസ്ഥ തുടരുന്നതിനാല്‍ ഇനിയും പൊതുവിപണിയില്‍ വില കുതിച്ചുയര്‍ന്നേക്കും.