Monday, May 13, 2024
keralaNewsObituary

ഫാമിലി ടൂര്‍; മാങ്കുളത്ത് അപകടം; പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് പേര്‍ മരിച്ചു

ഇടുക്കി: അടിമാലിയില്‍ മാങ്കുളത്ത് ഫാമിലി ടൂറിന് വന്നവരുടെ വാഹനം അപകടത്തില്‍ പെട്ട് പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായ തന്‍വിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരന്‍ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. വാഹനത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയില്‍ കഴിയുന്ന 11 പേരില്‍ 2 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ച കുഞ്ഞിന്റെ അമ്മയുടെ നിലയും ഗുരുതരമായി തന്നെ തുടരുകയാണ്. ആനന്ദ പ്രഷര്‍ കുക്കര്‍ കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ഇന്നലെയാണ് തേനിയില്‍ നിന്നും ഇവര്‍ വിനോദസഞ്ചാരം തുടങ്ങിയത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവില്‍ വെച്ചാണ് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലര്‍ മറിയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത്. വളരെ താഴെയായി വാഹനം കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തില്‍ നിന്നും ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചത്. മാങ്കുളം ആനക്കുളത്തെത്തുകായയിരുന്നു ലക്ഷ്യം. ഡ്രൈവര്‍ക്ക് വഴി പരിചയമില്ലാത്തതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എസ് പോലെയൊരു വളവാണിത്. ഇതുവരെ 10 വാഹനങ്ങള്‍ അവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്.