Friday, May 10, 2024
HealthkeralaNews

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടേത് ദയനീയ അവസ്ഥ

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച വിവാദം ആളിക്കത്തുമ്പോഴും ഇവിടെ നിന്നുളള ഗര്‍ഭിണികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ തേടി ചുരമിറങ്ങേണ്ട സ്ഥിതിക്ക് തെല്ലും മാറ്റമില്ല. നവജാത ശിശുവിദഗ്ധന്‍ ഇല്ലാത്തതും അനുബന്ധ സൗകര്യങ്ങളുടെ കുറവുമാണ് രോഗികളെ ഇത്തരത്തില്‍ മറ്റാശുപത്രികളിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ആശുപത്രിയുടെ പ്രധാന ചുമതലക്കാരനായ ഡോ. പ്രഭുദാസ് പറഞ്ഞു. കമ്യൂണിറ്റി കിച്ചണ്‍ പദ്ധതി പേരിന് മാത്രമായത് ഗര്‍ഭിണികളില്‍ പോഷകാഹാരക്കുറവ് സൃഷ്ടിക്കുന്നുവെന്നും ലക്ഷ്മിയുടെ അനുഭവം വ്യക്തമാക്കുന്നു. അട്ടപ്പാടിയിലെ 32000 ലേറെ വരുന്ന ആദിവാസികളുടെ ആരോഗ്യപരിപാലനം എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തി തുടങ്ങിയതാണ് കോട്ടത്തറ ട്രൈബര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണമെന്ന നാണക്കേട് മായ്ക്കാന്‍ കോടികള്‍ ചെലവിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ആശുപത്രിയില്‍ നിന്ന് എന്തിനാണ് പൂര്‍ണ ഗര്‍ഭാവസ്ഥയിലുളള സ്ത്രീകളെ 40 കിലോമീറ്റര്‍ അകലെയുളള മണ്ണാര്‍കാടേക്കും 100 കിലോമീറ്ററിലേറെ അകലെയുളള തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം. പുതൂര്‍ പഞ്ചായത്തിലെ ഉള്‍ഗ്രാമത്തില്‍ നിന്നുളള കുറുമ്പ വിഭാഗത്തില്‍ പെട്ട ലക്ഷ്മിയെന്ന യുവതിയുടെ അനുഭവമാണ് ഈ ചോദ്യത്തിന് ഉത്തരം.