Tuesday, May 14, 2024
keralaNews

ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരുക്കേല്പിച്ചു.

തിരുവനന്തപുരം നെടുമങ്ങാട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കടയില്‍ കയറി കുത്തി പരുക്കേല്പിച്ചു. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ആനാട് സ്വദേശി സൂനജിനെ സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ പ്രതികളെപ്പറ്റി പൊലീസിനു വിവരം നല്‍കിയതാണ് പ്രകോപനത്തിനു കാരണം.രണ്ട് വര്‍ഷത്തിനു മുന്‍പുണ്ടായ ഒരു വ്യക്തിവൈരാഗ്യം കാരണമാണ് സൂനജിനെ ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സൂനജ് പൊലീസിനോട് വിവരങ്ങള്‍ പറഞ്ഞെങ്കിലും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം കേസുമായി ബന്ധപ്പെട്ട് സാക്ഷി ആയിരുന്ന നെടുമങ്ങാട് പൂക്കട നടത്തുന്ന അരുണിനെ പൊലീസ് വിളിച്ച് വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ഇതിനു പിന്നാലെ സംഘം അരുണിനെ കടയിലെത്തി ഭീഷണിപ്പെടുത്തുകയും കുത്തുകയുമായിരുന്നു. അരുണിന്റെ തോളിലാണ് കുത്തേറ്റത്. കത്തി ഒടിഞ്ഞ് തോളില്‍ തറച്ച നിലയിലാണ് ഇയാളെ രാത്രി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കത്തി നീക്കം ചെയ്തു. നിലവില്‍ അരുണിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.നെടുമങ്ങാട് സ്വദേശി ഹാജയും ഹാജയുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് അരുണ്‍ പറഞ്ഞു. പൊലീസിനു വിവരം നല്‍കുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. സൂനജിനെ ആക്രമിച്ച കേസില്‍ ഇവര്‍ ഒളിവിലായിരുന്നു. അരുണിനെ കുത്തിയ കേസില്‍ പൊലീസ് കേസെടുത്തു.