Monday, May 6, 2024
keralaNewspoliticsworld

അഞ്ച് യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യന്‍; ഒരൊറ്റ സൈനികന്‍ പോലും റഷ്യയിലേക്ക് കടന്നിട്ടില്ലെന്ന് യുക്രെയ്ന്‍ 

മോസ്‌കോ:അതിര്‍ത്തി കടന്നെത്തിയ അഞ്ച് യുക്രെയ്‌നികളെ റഷ്യ വെടിവെച്ച് കൊന്നുവെന്ന അവകാശവാദവുമായി റഷ്യന്‍ സൈന്യം. മോസ്‌കോ-യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് അഞ്ച് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റഷ്യ പറയുന്നത്. യുക്രെയ്നില്‍ നിന്നുള്ള വിഘടനവാദികളെ് വധിച്ചുവെന്നാണ് റഷ്യയുടെ വാദം.

അതിര്‍ത്തി പ്രദേശമായ റോസ്ടോവ് മേഖലയിലെ മിത്യാകിന്‍സ്‌കായ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. അതേസമയം റഷ്യന്‍ സൈനികര്‍ക്കോ അതിര്‍ത്തിയിലെ കാവല്‍പ്പടയിലുള്ളവര്‍ക്കോ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.    എന്നാല്‍ റഷ്യയുടെ വാദം നിഷേധിച്ചിരിക്കുകയാണ് യുക്രെയ്ന്‍. അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പറയപ്പെടുന്ന അഞ്ച് യുക്രെയ്നിയന്‍ ‘വിഘടനവാദികളെ’ വധിച്ചുവെന്ന അവകാശവാദം ശക്തമായി നിഷേധിക്കുന്നു. ഒരൊറ്റ സൈനികന്‍ പോലും അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ വ്യക്തമാക്കി.

1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന അയല്‍രാജ്യത്തെ ആക്രമിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ യാതൊരു വിധത്തിലുള്ള ആക്രമണമോ അധിനിവേശമോ യുദ്ധമോ ആസൂത്രണം ചെയ്യുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ മോസ്‌കോയുടെ വിശദീകരണം.

യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പല ഘട്ടങ്ങളായാണ് റഷ്യന്‍ സൈന്യത്തെ പുടിന്‍ നീക്കിയത്. തുടര്‍ച്ചയായ സൈനിക പരിശീലനവും അതിര്‍ത്തിയില്‍ ഒരു മാസത്തോളം റഷ്യ നടത്തിയിരുന്നു. രണ്ടിടങ്ങളിലായി വിമതസേന ഷെല്ലാക്രമണം നടത്തിയതില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 20ലേറെ തവണ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്.