Friday, May 17, 2024
keralaNewspolitics

പാര്‍ട്ടിയില്‍ അവഗണന; മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹിന്മ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് കൈമാറി. അവഗണനയില്‍ പ്രതിഷേധിച്ചാണു പാര്‍ട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ പരസ്യമായി അതൃപ്തി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം.കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെ ഏകോപനം മാത്രമാണ് നടക്കുന്നതെന്നും പി.സി. ചാക്കോ ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചു. കേരളത്തില്‍ ഗ്രൂപ്പുകളുടെ ഭാഗമാകാതെ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ നടപടിക്രമം പാലിച്ചല്ല സ്ഥാനാര്‍ഥി നിര്‍ണയമെന്നും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് നേതാക്കളുടെയും ഇംഗിതം അനുസരിച്ചാണ് വീതം വയ്‌പ്പെന്നും അദ്ദേഹം ആരോപിച്ചു. ഇരുഗ്രൂപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുക എന്ന കര്‍മ്മമാണ് കെപിസിസിയും ഹൈക്കമാന്‍ഡും ചെയ്യുന്നതെന്നും പി.സി. ചാക്കോ ആരോപിച്ചു.എന്നാല്‍ ഭാവിപരിപാടികളെ കുറിച്ച് യാതൊരു സൂചനയും പി.സി. ചാക്കോ നല്‍കിയില്ല. പാര്‍ട്ടി വേദികളില്‍ അടുത്ത കാലത്ത് അത്ര സജീവമല്ലാതിരുന്ന പി.സി.ചാക്കോ ശരദ് പവാറിന്റെ ആശീര്‍വാദത്തോടെ എന്‍സിപിയില്‍ ചേരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും നിഷേധിച്ചിരുന്നു.