Monday, April 29, 2024
EntertainmentindiaNews

അജയ് ദേവ്ഗണും സൂര്യയും മികച്ച നടന്മാര്‍, നടി അപര്‍ണ ബാലമുരളി

ന്യൂഡല്‍ഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്‍മാര്‍. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയ്ക്കും സൂര്യയ്ക്കും അംഗീകാരം. താനാ ജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവ്ഗണിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. സൂരരൈ പോട്രാണ് മികച്ച ചിത്രം.                                                                                                                           അയ്യപ്പനും കോശിയിലെയും അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോന്‍ സ്വന്തമാക്കി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രമായി. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി. സച്ചിയാണ് മികച്ച സംവിധായകന്‍ ( അയ്യപ്പനും കോശിയും). താനാ ജിയാണ് മികച്ച ജനകീയ ചിത്രം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം അനീഷ് നാടോടിയ്ക്ക് ലഭിച്ചു (കപ്പേള).                                             നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിനുളള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിന് ലഭിച്ചു ( ശബ്ദിക്കുന്ന കലപ്പ). നന്ദന്റെ ഡ്രീമിംഗ് ഓഫ് വേഡ്സാണ് മികച്ച വിദ്യാഭ്യാസ ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഘട്ടനത്തിന് മികച്ച സംഘട്ടത്തിനുള്ള പുരസ്‌കാരം മാഫിയ ശശിയ്ക്ക് ലഭിച്ചു. സിനിമാ രംഗത്തെ മികച്ച പുസ്തകങ്ങളില്‍ അനൂപ് രാമകൃഷ്ണന്റെ ‘എം.ടി അനുഭവങ്ങളുടെ കഥ’ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.                                                                                                                                                ജി.വി പ്രകാശ് ആണ് സംഗീത സംവിധായകന്‍ (സൂരരൈ പോട്ര്). മദ്ധ്യപ്രദേശ് ആണ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

13 സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി മാറ്റുരച്ചത്. ആറ് വിഭാഗങ്ങളിലായായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. ഫീച്ചല്‍ ഫിലിം കാറ്റഗറിയില്‍ 28 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. നോണ്‍ ഫീച്ചര്‍ കാറ്റഗറിയില്‍ 22 പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.