Thursday, May 16, 2024
keralaNewsObituary

കൂടത്തായി കൂട്ടക്കൊലക്കേസ് : അഭിഭാഷകനായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. സിപിഎം പ്രദേശിക നേതാവും അഭിഭാഷകനുമായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷിയായിരുന്നു ഇയാള്‍. അസ്സല്‍ വില്‍പത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാര്‍. കേസില്‍ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു.                                           കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങല്‍ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീണ്‍. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്. ജോളിയുമായി ചേര്‍ന്ന് വ്യജ വില്‍പ്പത്രം തയ്യാറാക്കിയെന്ന കേസില്‍ നാലാം പ്രതിയാണ് മനോജ് കുമാര്‍. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പ്രവീണ്‍ നല്‍കിയ മൊഴി. തെളിവെടുപ്പ് വേളയില്‍ പൊലീസിന്റെ മഹദ്‌സറില്‍ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു.                                                                                     എന്നാല്‍ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് ഇന്ന് വിചാരണ വേളയില്‍ ഇയാള്‍ കോടതിയില്‍ പറഞ്ഞത്. 2019 ഒക്ടോബര്‍ നാലിന് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഒരു കല്ലറ തുറന്ന് പരിശോധിച്ചതാണ് കൂടത്തായി കേസില്‍ വഴിത്തിരിവായത്. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അടക്കം ചെയ്ത സിലി, മകള്‍ ആല്‍ഫൈന്‍, കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടില്‍ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യൂ എന്നിവരുടെ മൃതദേഹവഷിഷ്ടങ്ങളാണ് ഒക്ടോബര്‍ നാലിന് പുറത്തെടുത്തത്.                                                                                              പിന്നീട് ആറ് മരണവും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.