Friday, May 17, 2024
keralaNews

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍..

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയം ആഘോഷിച്ചത്. എകെജി സെന്ററിലാണ് ഇടത് മുന്നണി നേതാക്കള്‍ യോഗം ചേരുന്നത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയുള്ള മന്ത്രിസഭയും അത് വഴി രണ്ടാം നിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയെന്ന സംഘടനാപരമായ ദൗത്യവും ഒരുമിച്ച് നിറവേറ്റാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ട് വച്ചതെന്നാണ് വിവരം.

കെകെ ശൈലജ അടക്കം എല്ലാവരും മാറി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്നത് ആദ്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും കൊവിഡ് മഹാമാരിയുടെ തുടര്‍ച്ചയും ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനവും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് മട്ടന്നൂരില്‍ നിന്ന് നേടിയ തെരഞ്ഞെടുപ്പ് വിജയവും എല്ലാം കണക്കിലെടുത്ത് മാറ്റി നിര്‍ത്തിയാലുണ്ടാകുന്ന വിവാദങ്ങളെ കൂടി ഒഴിവാക്കാനാണ് നിലവിലെ ധാരണയെന്നാണ് വിവരം.

ആദ്യഘട്ട ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ കൂടിയാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് മുഹമ്മദ് റിയാസിന്റെ പേര് പരിഗണനക്ക് വരുന്നത്. വി ശിവന്‍ കുട്ടി ,വീണ ജോര്‍ജ്. കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി രാജീവ്, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, പി നന്ദകുമാര്‍ വിഎന്‍ വാസവന്‍, എം വി ഗോവിന്ദന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഇപ്പോഴുള്ളത്.

സിപിഎം പുതുമുഖങ്ങളെ അണി നിരത്തുമ്പോള്‍ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍ തന്നെ ആയിരിക്കും എന്നാണ് സിപിഐയില്‍ നിന്നു കിട്ടുന്ന സൂചനയും. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കാനാണ് ധാരണ. റോഷി അഗസ്റ്റിന്‍ മന്ത്രിയും പ്രൊ. എന്‍ ജയരാജ് ചീഫ് വിപ്പുമായേക്കും.

ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ ടേം അടിസ്ഥാനത്തില്‍ പങ്കിടുന്നത് സംബന്ധിച്ചും അന്തിമ വട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആന്റണി രാജുവിനും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴത്തില്‍ തന്നെ മന്ത്രിസ്ഥാനം കിട്ടും. ഗണേശിനും കടന്നപ്പള്ളിക്കും രണ്ടാം ഊഴം എന്നാണ് ഇപ്പോഴുള്ള ധാരണ.