Thursday, May 2, 2024
Newspoliticsworld

ജനകീയ പ്രക്ഷോഭത്തിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് രാജി വച്ചു

കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ നിന്നും രക്ഷപെട്ടോടിയ ഗോതബായ രജപക്സെ സിംഗപ്പൂരിലഭയം തേടിയതിന് പിന്നാലെ രാജിവെച്ചെന്ന് സൂചന. ഇ-മെയില്‍ വഴി സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.  മാലിദ്വീപിലേയ്ക്ക് കടന്ന ഗോതബയ അവിടെ നിന്ന് സൗദി വിമാനത്തിലാണ് സിംഗപ്പൂരിലെത്തി രാഷ്ട്രീയ അഭയം തേടിയതെന്നാണ് വിവരം.

ശ്രീലങ്കയില്‍ വന്‍ ജനകീയ പ്രക്ഷോഭം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി എത്തുന്നതിന് നിമിഷങ്ങള്‍ക്കുള്ളിലാണ് ഗോതബായ സൈന്യത്തിന്റെ സഹായത്താല്‍ ആദ്യം കപ്പലിലേയ്ക്കും പിന്നീട് വ്യോമസേനാ വിമാനത്തില്‍ കുടുംബ സമേതം മാലിദ്വീപി ലേയ്ക്കും ഒളിച്ചോടിയത്. സിംഗപ്പൂരിനോട് രാഷ്ട്രീയ അഭയത്തിനായി ഗോതാബയ അപേക്ഷിച്ചിരുന്നു.                                                                                                 

മുന്നേ തന്നെ സിംഗപ്പൂരില്‍ നിക്ഷേപമുള്ള രജപക്സെ കുടുംബത്തിന്റെ സംവിധാനങ്ങളു പയോഗിച്ചാണ് ഭാര്യയ്ക്കും സഹോദരനുമൊപ്പം ഗോതബായ നാടുവിട്ടതെന്നാണ് കൊളംബോ വൃത്തങ്ങള്‍ പറയുന്നത്. മാലിദ്വീപിലേയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വരവ് മാലിദ്വീപിലെ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറിഞ്ഞിരുന്നു. അവിടെ നിന്ന് സിംഗപ്പൂരിലേയ്ക്ക് കടക്കാന്‍ സൗദിയുടെ അന്താരാഷ്ട്ര വിമാന സേവനം ഉപയോഗപ്പെടുത്തിയതും ഭരണകൂട പിന്തുണയോടെയാണെന്നും ശ്രീലങ്കന്‍ ജനകീയ പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസവും പ്രസിഡന്റ് രാജിവെച്ചതായി വാര്‍ത്ത പരന്നെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് ലങ്കയില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.