Monday, May 6, 2024
keralaNews

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 118 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ രോഗികളാണ് രാജ്യത്ത് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2020 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂപിപ്പിക്കുന്നത്. മധ്യപ്രദേശ് മരണ പഴയ കണക്കുകള്‍ കൂടി പുറത്തു വിട്ടതാണ് മരണനിരക്ക് കൂടാന്‍ ഇടയാക്കിയത്. ഇന്നലെ മധ്യപ്രദേശ് മാത്രം 1,481 പേരുടെ മരണമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.പരമാവധിപ്പേര്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കുക എന്ന തീരുമാനവുമായി രാജ്യം മുന്നോട്ട് പോകുന്നതിടെ തലസ്ഥാനം വാക്‌സീന്‍ ക്ഷാമം നേരിടുകയാണ്. വാക്‌സീന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ ദില്ലിയില്‍ ഇന്ന് വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. വാക്‌സീന്‍ ദൌര്‍ലഭ്യത്തെ തുടര്‍ന്ന് ഇന്നലെ പകുതിയില്‍ താഴെ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.

ലോകാരോഗ്യ സംഘടനയുടെയുടെ അടിയന്തര ഉപയോഗ അനുമതി പട്ടികയില്‍ ഇടം നേടാനായി എല്ലാ രേഖകളും സമര്‍പ്പിച്ചെന്ന് വാക്‌സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജൂലൈ 9 നാണ് എല്ലാ രേഖകളും സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് എംഡി കൃഷ്ണ എല്ല വ്യക്തമാക്കിയത്.അതിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും. അരുണാചല്‍ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിന്‍ കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സ്ഥിതി വിലയിരുത്താല്‍ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് വിവരം.