Sunday, May 5, 2024
keralaNewspolitics

തട്ടിക്കൊണ്ടു പോയും – മതം മാറ്റിയും വിവാഹം കഴിക്കുന്നത് ലൗ ജിഹാദ്; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയും – മതം മാറ്റിയും വിവാഹം കഴിക്കുന്നത് ലൗ ജിഹാദ് ആണെന്നും എന്നാല്‍ ആശയപാപ്പരത്തം കൊണ്ടാണ് സിപിഎം ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.

ലൗ ജിഹാദ് സംഘപരിവാര്‍ നിര്‍മ്മിതമാണെന്ന സി.പി എം നിലപാട് വസ്തുതാപരമല്ല. വിഷയത്തെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാനാണ് മിശ്രവിവാഹ വിഷയം ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതെന്നും കുമ്മനം പറഞ്ഞു.

യുവതിയെ നിര്‍ബന്ധിച്ചു മതം മാറ്റിയും തട്ടിക്കൊണ്ടു പോയും വിവാഹം കഴിക്കുന്നത് മിശ്രവിവാഹമല്ല.

ലൗ ജിഹാദിന് ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയിട്ടുള്ള എല്ലാ പരാതികളിലും രക്ഷിതാക്കള്‍ അറിയാതെ നിര്‍ബന്ധമായി മകളെ തട്ടിക്കൊണ്ടു പോയെന്നും സമ്മര്‍ദ്ദം ചെലുത്തി മതം മാറ്റിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മതസ്വാതന്ത്ര്യം ധ്വംസിച്ചും മതം മാറ്റിയും നടത്തുന്ന ഈ ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്.

വരനും വധുവിനും സ്വന്തം മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അനുവദിച്ചു കൊണ്ടുള്ള വിവാഹം സി.പി.എം അജണ്ടയിലില്ല. ലൗ ജിഹാദില്‍ നിന്നും രക്ഷപെട്ടു പുറത്തു വന്ന യുവതികള്‍ വേദനിക്കുന്ന സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്.

ആര്‍ഷ വിദ്യാസമാജം പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.