Monday, May 6, 2024
keralaNewspolitics

കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ട്; ചട്ടം ലംഘിച്ചെന്ന് തുറന്ന് സമ്മതിച്ച് തോമസ് ഐസക്ക്

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതില്‍ ചട്ട ലംഘനം ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സിഎജി റിപ്പോര്‍ട്ട് കരടാണോ അന്തിമമാണോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നമെന്നും അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രശ്നമെന്നും തോമസ് ഐസക്ക് പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി കുറ്റം ഏറ്റുപറഞ്ഞത്.
സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ചട്ട ലംഘനം ഉണ്ടായെങ്കില്‍ അത് പരിശോധിക്കാം. ചട്ട ലംഘനം ഉണ്ടായെങ്കില്‍ അത് നേരിടാന്‍ താന്‍ തയ്യാറാണ്. സിഎജി സംസ്ഥാന സര്‍ക്കാരുമായി ഒരു കാര്യവും ചര്‍ച്ച ചെയ്യുന്നില്ല. സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ വന്നത്. ഇത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം കൂട്ടിച്ചേര്‍ത്തതാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.
നിയമപ്രകാരം സര്‍ക്കാര്‍ കിഫ്ബിയ്ക്ക് നികുതി വിഹിതം നല്‍കുന്നുണ്ട്. 3000 കോടിയിലധികമാണ് ഇപ്പോള്‍ കിഫ്ബി വായ്പ. അതിനേക്കാള്‍ കൂടുതല്‍ തുക നികുതി വിഹിതമായി സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. 2500 കോടിയുടെ കോര്‍പസ് ഫണ്ട് കൂടി ആകുമ്പോള്‍ 5871 കോടി ബജറ്റ് രേഖ പ്രകാരം കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. ഇത് എങ്ങനെയാണ് ഭാവിയുടെ മേല്‍ പ്രത്യക്ഷ ബാധ്യതയായി മാറുന്നതെന്ന് ധനമന്ത്രി ചോദിച്ചു. സിഎജിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേരളത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമാണ് തോമസ് ഐസക്കിന്റെ ആരോപണം.