Tuesday, April 30, 2024
keralaNewspolitics

അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം ; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

 

കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. രാവിലെ 9 മണിക്ക് ധനകാര്യബില്‍ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചര്‍ച്ച ആരംഭിക്കുക.

കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.
നിലവിലെ അംഗബലം അനുസരിച്ച് സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാകും. അതേസമയം ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. യുഡിഎഫിനും അവിശ്വാസപ്രമേയ വോട്ടെടുപ്പ് നിര്‍ണായകമാണ്.
അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മുന്നണിയിലെ എല്ലാ എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. യുഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കാത്തവര്‍ മുന്നണിയ്ക്ക് പുറത്താണെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തില്‍ വിട്ടുനില്‍ക്കാനുള്ള നിലപാട് കടുപ്പിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. ജോസഫ് വിഭാഗം എംഎല്‍എമാരുടെ മുറിയുടെ വാതിലില്‍ വിപ്പിന്റെ പകര്‍പ്പ് ജോസ് വിഭാഗം പതിപ്പിച്ചു. നേരത്തേ ഇ മെയില്‍ വഴിയും സ്പീഡ് പോസ്റ്റ് വഴിയും വിപ് നല്‍കിയിരുന്നു.