Tuesday, May 21, 2024
keralaNews

പത്തനംതിട്ട ആങ്ങമൂഴിയില്‍ പിടികൂടിയായ പുലിയുടെ മരണകാരണം ;മുള്ളന്‍ പന്നിയുടെ ആക്രമണം

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയില്‍ ഇന്നലെ വനപാലകര്‍ പിടികൂടിയായ പുലിയുടെ മരണകാരണം മുള്ളന്‍ പന്നിയുടെ ആക്രമണം തന്നെ. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ മുള്ള് ശ്വാസകോശത്തില്‍ തറഞ്ഞുകയറിയതാണ് മരണ കാരണം. ഇന്ന് കോന്നി ആനക്കൂട്ടില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.പുലിയുടെ ഇടത് ഭാഗത്ത് മുന്നിലെ കാലില്‍ ആഴത്തില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ച് കയറിയിരുന്നു. ഇന്നലെ രാത്രി കൊല്ലത്തെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി മുള്ള് കാലില്‍ നിന്ന് പുറത്തെടുത്തിരുന്നെങ്കിലും പുലി അവശനായിരുന്നു. ഇന്ന് രാവിലെ 9.30 യോടെയാണ് ചത്തത്.ആറ് മാസം മാത്രം പ്രായമുള്ള പുലി ദിവസങ്ങളായി ആഹാരം കഴിച്ചിരുന്നില്ല. പുലിയെ കുമ്മണ്ണൂരിലെ വനത്തിനുള്ളില്‍ സംസ്‌കരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മുരിപ്പെല്‍ സ്വദേശി സുരേഷിന്റെ വീട്ടിലെ തൊഴുത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ ഇന്നലെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.