Sunday, April 28, 2024
keralaNews

സിക വൈറസിനെതിരെ അതീവ ജാഗ്രതാ നിര്‍ദേശം.

സിക വൈറസിനെതിരെ എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.കോവിഡ് ആശങ്ക ഒഴിയും മുമ്പ് സിക ഭീതിയില്‍ സംസ്ഥാനം. 19 പേരുടെ സാംപിളുകള്‍ പുണെയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13 പേര്‍ പോസിററീവെന്നാണ് പ്രാഥമിക വിവരം. അന്തിമ പരിശോധനാഫലം കാക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെ സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചതോടെയാണ് സിക സ്ഥിരീകരിക്കുന്നത്. സിക ബാധിച്ച 24 കാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. അതേസമയം ഗര്‍ഭിണികളില്‍ സിക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലം ഉണ്ടാകാറുണ്ട്.