Tuesday, May 14, 2024
keralaNews

വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിജ്ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് അറിയിച്ച പെണ്‍കുട്ടികളുടെ അമ്മ പാലക്കാട് അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു.പെണ്‍കുട്ടികളുടെ കുടുംബത്തിന്റെയും വാളയാര്‍ സമര സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം. നേരത്തെ തീരുമാനമെടുത്തെങ്കിലും വിജ്ഞാപനമിറക്കുന്നതിലെ നിയമ തടസ്സമായിരുന്നു നടപടി വൈകിയതിന് കാരണം. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണ അനുമതി നല്‍കിയതോടെ നിയമതടസ്സം നീങ്ങി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം പ്രതികരിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കും വരെ പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തെ സമരപ്പന്തലില്‍ സത്യാഗ്രഹമിരിക്കാനാണ് അമ്മയുടെ തീരുമാനം.2017-ലാണ് വാളയാറിലെ ദളിത് സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. തുടര്‍ന്ന് വാളയാര്‍ കേസ് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. ഈ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കി.