Saturday, May 4, 2024
keralaNewsObituary

ജോലി സമ്മര്‍ദം; ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ചികില്‍സിച്ച ഡോക്ടര്‍ ജീവനൊടുക്കി

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇയാള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്നാണു വിവരം.

വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയായ വിവേക് നൂറു കണക്കിന് കോവിഡ് രോഗികളെ പരിചരിച്ചിരുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വങ്കേഡ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരു മാസമായി വിവേക് ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുകയായിരുന്നു. ഒരു ദിവസം ഗുരുതരാവസ്ഥയിലുള്ള ഏഴോ, എട്ടോ രോഗികളെയാണ് വിവേക് പരിചരിച്ചിരുന്നത്. രോഗികള്‍ മരണപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടര്‍ വിഷാദത്തിലായിരുന്നെന്നാണു വിവരം. വിവേകിന്റെ ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്.

ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മാള്‍വിയാ നഗര്‍ പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം എയിംസിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.