Friday, May 17, 2024
keralaNewspolitics

5 പേര്‍ക്ക് ഒരേ മുഖം: വിവിധ മണ്ഡലങ്ങളില്‍ വെവ്വേറെ പേരും വിലാസവും

ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളില്‍ വെവ്വേറെ പേരും വിലാസവും നല്‍കി 5 വ്യാജ വോട്ടര്‍ കാര്‍ഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവു പുറത്ത്. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്ക െന്നു തെളിയിക്കുന്നതാണ് രേഖകള്‍.നേമത്ത് 88ാം ബൂത്തിലെ അശ്വതി സി.നായര്‍, ബൂത്ത് 98 ലെ ഷെമി, ചിറയിന്‍കീഴ് 119ാം ബൂത്തിലെ സിന്ധു, വട്ടിയൂര്‍ക്കാവ് 32ാം ബൂത്തിലെ സജിത, കഴക്കൂട്ടം 33ാം ബൂത്തിലെ അനിതാ കുമാരി എന്നിവരുടെ കാര്‍ഡുകളില്‍ ഒരേ ഫോട്ടോയാണ്. നേമത്തെ തന്നെ 62ാം ബൂത്തിലെ ഷഫീഖ്, ബൂത്ത് 90 ലെ ഹരികുമാര്‍, 47 ലെ ശെല്‍വകുമാര്‍, തിരുവനന്തപുരം 110ാം ബൂത്തിലെ ഉത്തമന്‍, വട്ടിയൂര്‍ക്കാവ് 89ാം ബൂത്തിലെ സുനില്‍ രാജ് എന്നിവര്‍ക്കും വിലാസം പലതാണെങ്കിലും ഒരൊറ്റ മുഖമാണ്.

പട്ടികയില്‍ പേരു ചേര്‍ക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്തകരാറോ പലവട്ടം വോട്ടു ചേര്‍ക്കുന്നതു കൊണ്ടോ ആകാം പിഴവെന്ന വാദം തള്ളുന്നതാണു രേഖകള്‍. പിടിക്കപ്പെടാതിരിക്കാന്‍ ഒരു പടം ഉപയോഗിച്ചു പല മണ്ഡലങ്ങളിലായി വ്യാജ കാര്‍ഡ് ഉണ്ടാക്കിയെന്നാണു വ്യക്തമാകുന്നത്. 5 പേരിലെ യഥാര്‍ഥ വോട്ടര്‍ ആരാണ്, അവര്‍ക്ക് ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടോ തുടങ്ങിയ വിവരങ്ങള്‍ വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.