Friday, May 17, 2024
indiaNewsworld

ഭീകരബന്ധമെന്ന് സംശയം; കര്‍ണാടകയുടെ തീരമേഖലയില്‍ റെഡ് അലര്‍ട്ട്

കര്‍ണാടകയുടെ തീരദേശ മേഖലയില്‍ നിന്നും വിദേശത്തേക്ക് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി സാറ്റലൈറ്റ് ഫോണ്‍ വിളികള്‍ നടന്നതായി കണ്ടെത്തല്‍.ഇതേതുടര്‍ന്ന് കര്‍ണാടകയുടെ 225 കിലോമീറ്റര്‍ വരുന്ന മേഖലയില്‍ സുരക്ഷ ഏജന്‍സികള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെല്ലാം ജാഗ്രത നിര്‍ദ്ദേശമുണ്ട്. കാര്‍വാര്‍, ദക്ഷിണ കന്നഡ, ചിക്കമംഗളുരു എന്നീ ജില്ലകളില്‍ നിന്നുള്ള സാറ്റലൈറ്റ് ഫോണ്‍ വിളികളുടെ വിശദാംശങ്ങളാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളുടേയും, കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളുടേയും പേരില്‍ ഈ പ്രദേശങ്ങള്‍ കുറേ നാളുകളായി കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കടലിന്റേയും വനത്തിന്റേയും സാമിപ്യമുള്ളതിനാല്‍ ദേശവിരുദ്ധ-ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തമാകുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച ഈ പ്രദേശങ്ങളില്‍ നിന്നാണ് വിദേശത്തേക്ക് സാറ്റലൈറ്റ് ഫോണ്‍ വിളികള്‍ നടന്നത്. ഫോണ്‍വിളി നടന്ന സ്ഥലം കൃത്യമായി കണ്ടുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാകുന്നതിന്റെ സൂചനയാണിതെന്നും സംശയമുണ്ട്. അടുത്തിടെ ശ്രീലങ്കയില്‍ നിന്നും പന്ത്രണ്ടോളം ഭീകരര്‍ മത്സ്യത്തൊഴിലാളികള്‍ എന്ന വ്യാജേന മേഖലയില്‍ എത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സാറ്റലൈറ്റ് വിളിയുടെ വിവരങ്ങള്‍ ലഭിച്ചത്. ഇതോടെയാണ് മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.