Friday, May 17, 2024
keralaNewsObituary

മദ്യപിച്ചെത്തി അസഭ്യം പറഞ്ഞു; വെടിയേറ്റ് ഒരാള്‍ മരിച്ചു

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ചേനാട്ടുക്കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യന്‍ എന്ന ബേബി (62) ആണു വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു വാടതുരുത്തേല്‍ ടോമിയുടെ (45) പേരില്‍ ചെറുപുഴ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 8.30നാണ് മലയോരത്തെ ഞെട്ടിച്ച സംഭവം.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ചെത്തിയ ടോമി അയല്‍വാസിയായ സെബാസ്റ്റ്യനെ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ ടോമി വീട്ടിനകത്തു നിന്നു തോക്കുമായി വന്നു സെബാസ്റ്റ്യനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം സമീപത്ത് തൊഴിലാളികള്‍ കാട് തെളിക്കുന്നുണ്ടായിരുന്നു. മദ്യപിച്ചെത്തി ബഹളുമുണ്ടാക്കുന്നതും അയല്‍വാസികളെ അസഭ്യം പറയുന്നതും ടോമിയുടെ പതിവാണെന്നു നാട്ടുകാരും പറയുന്നു.വെടിയേറ്റ സെബാസ്റ്റ്യനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പള്ളിത്താഴത്ത് മോളി ആണ് മരിച്ച സെബാസ്റ്റ്യന്റെ ഭാര്യ. മക്കള്‍: വിപിന്‍, സൗമ്യ. മരുമകന്‍: ജോജന്‍. പ്രതി ടോമി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ ഒരു കിലോമീറ്റര്‍ ദൂരം കര്‍ണാടക വനത്തിലൂടെ സഞ്ചരിച്ചു തിരിച്ചുവന്നു.