Friday, May 17, 2024
keralaLocal NewsNews

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ; ഹൈക്കോടതി വിധി നടപ്പാക്കണം;

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍
തീര്‍ത്ഥാടകര്‍ക്കും – ജനങ്ങള്‍ക്കും ഏകആശ്രയ കേന്ദ്രമായ എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ലൂയിസ് ഡേവിഡ് ആവശ്യപ്പെട്ടു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലെ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണെമെന്നാണ് ഹൈക്കോടതി ഉത്തരവിറക്കിയത് . ഇത് സംബന്ധിച്ച് ബിജെപി ജില്ല സെക്രട്ടറി വി സി അജി , ലൂയിസ് ഡേവിഡ് എന്നിവര്‍ കഴിഞ്ഞ വര്‍ഷം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോട്ടയം , ഇടുക്കി, പത്തനംതിട്ട ജില്ലാ അതിര്‍ത്തികളിലെ ജനങ്ങള്‍ ആശ്രയ കേന്ദ്രം കൂടിയായ ആശുപത്രിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം ത്രിതല പഞ്ചായത്ത് പ്രതിനിധികളും , എംഎല്‍എ , എം പി അടക്കമുള്ള വരുടെ അനാസ്ഥയാണെന്നും പത്ര സമ്മേളനത്തില്‍ പറഞ്ഞു .

കോവിഡ് അതിരൂക്ഷമായിട്ടും പകല്‍ മാത്രം പ്രവര്‍ത്തിക്കുകയാണ് ഈ ആശുപത്രി. രാത്രികാല ചികിത്സയ്ക്ക് ആവശ്യമായ യാതൊരു സംവിധാനങ്ങളും ഈ ആശുപത്രിയിലില്ല . പരസ്പരം സഹായിക്കുന്ന മുന്നണികളായാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നതെന്നും . കോവിഡ് വാക്‌സിന്‍ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് നല്‍കണമെന്നും ലൂയിസ് പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തില്‍ കോടതിവിധിയിലൂടെ പുറമ്പോക്ക് ഭൂമി ഏറ്റെടുത്തെങ്കിലും ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എംഎല്‍എ എംപി അടക്കമുള്ള ജനപ്രതിനിധികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ വികസനത്തിനായി കോടികള്‍ ചില വഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാത്രികാല ചികില്‍സ തുടങ്ങാന്‍ കഴിഞ്ഞില്ല. എരുമേലി ആശുപത്രിയുടെ മുരടിപ്പിന് കാരണം സ്വകാര്യ മേഖലയിലെ ആശുപത്രികളെ സഹായിക്കാനാണോയെന്ന സംശയം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു .