Sunday, April 28, 2024
Newsworld

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ന്‍.

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ന്‍. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമെന്നു യുക്രെയ്ന്‍ സ്ഥാനപതി. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി സംസാരിക്കണമെന്നും ഐഗോര്‍ പോളിഖ ആവശ്യപ്പെട്ടു.

യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തിനെതിരെ തണുപ്പന്‍ പ്രതികരണവുമായി നാറ്റോ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും. മാനുഷികത പരിഗണിച്ച് സൈന്യത്തെ തിരികെ വിളിക്കണമെന്ന് റഷ്യയോട് അഭ്യര്‍ഥിച്ചതിലൊതുങ്ങി യുഎന്‍ ഇടപെടല്‍. ഉചിതമായ ഇടപെടല്‍ നടത്തുമെന്നറിയിച്ച അമേരിക്കയും അത് ഏതുരീതിയിലെന്ന കൃത്യമായ വിശദീകരണം നല്‍കിയില്ല.

യുക്രെയിനെ ആക്രമിക്കാന്‍ റഷ്യ ഒരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്തുവന്നയുടന്‍ പാശ്ചാത്യസൈനീകസഖ്യമായ നാറ്റോ സൈനീക വിന്യാസം ശക്തിപ്പെടുത്തി. എന്നാല്‍ യുക്രെയിനില്‍ പാശ്ചാത്യര്‍ ഇടപെടരുതെന്ന കര്‍ശനനിലപാടില്‍ വ്‌ളാഡ്മിര്‍ പുടിന്‍ ഉറച്ചു നിന്നു. റഷ്യന്‍ നീക്കത്തിനുനേരെ വിദേശശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. കിഴക്കന്‍ യുക്രെയിനിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ അംഗീകരിക്കുന്നതായ മോസ്‌കോയുടെ പ്രഖ്യാപനം വന്നപ്പോള്‍ ദുര്‍ബലമായ ഉപരോധപ്രഖ്യാപനങ്ങളാണ് വാഷിങ്ടണില്‍ നിന്നുണ്ടായത്. അടിയന്തര യോഗം ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങളുടെ പിന്തുണ യുക്യ്രെിന്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും പ്രതികരണം തണുപ്പനായിരുന്നു. ഒടുവില്‍ നാളെ ഇത് ആര്‍ക്കും ഈ ഗതികേട് ഏറ്റുവാങ്ങേണ്ടിവന്നേക്കാമെന്ന് വൈകാരികമായി പ്രതികരിക്കേണ്ടിവന്നു യുക്രയ്ന്‍ പ്രതിനിധിക്ക്. ൈചനയും ഇന്ത്യയും തന്ത്രപരമായ സമദൂരം പാലിച്ചു. യുക്രെയിനില്‍ റഷ്യ ആക്രമണം തുടങ്ങിയശേഷം ചേര്‍ന്ന യുഎന്‍ ജനറല്‍ യോഗങ്ങളിലും യുക്രൈയിന്റെ കണ്ണീര്‍ വനരോദനങ്ങളായി മാറുന്നതാണ് കണ്ടത്.

ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ നടത്തിയ കടന്നുകയറ്റത്തെ രാജ്യാന്തരസമൂഹം നിര്‍നിമേഷരായി നോക്കി നില്‍ക്കുകയാണ്. ഇന്ത്യയടക്കം ഐക്യരാഷ്ട്രസഭാംഗങ്ങളായ മറ്റു രാജ്യങ്ങളുടെ മേല്‍ ആക്രമണങ്ങളുണ്ടായാലും രാജ്യാന്തര സമൂഹം നിശബ്ദമാകുമോ എന്ന ചോദ്യമായണ് ഉയരുന്നത്. പാശ്ചാത്യര്‍ക്കൊപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയയും റഷ്യക്കെതിരെ യാത്രാവിക്കും സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി.