Sunday, May 5, 2024
keralaNews

ചരിത്രത്തില്‍ ആദ്യമായി ഫോറന്‍സിക് ഫോട്ടോഗ്രഫര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

സംസ്ഥാന പോലീസ് ചരിത്രത്തില്‍ ആദ്യമായി ഫോറന്‍സിക് ഫോട്ടോഗ്രഫര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. പത്തനംതിട്ട ഫോറന്‍സിക് വിഭാഗം ഫോട്ടോഗ്രഫര്‍ ജി.ജയദേവകുമാറിനാണ് ബഹുമതി. കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ്. ഫൈന്‍ ആര്‍ട്‌സില്‍ അപ്ലൈഡ് ആര്‍ട് പഠിച്ച ശേഷമാണ് 2000ത്തില്‍ പൊലീസിലെത്തുന്നത്. കാസര്‍കോട്ട് ജോലിയില്‍ ഇരിക്കുമ്പോള്‍ തസ്തിക മാറ്റ പരീക്ഷ പാസായി 2005ല്‍ പൊലീസ് ഫോട്ടോഗ്രഫര്‍ ആയി. 2007 മുതല്‍ പത്തനംതിട്ട പോലീസിന്റെ ഭാഗമാണ്.ഇതിനോടകം 5000 കേസുകള്‍ക്ക് ഫോട്ടോയും വിഡിയോയും തയാറാക്കിയിട്ടുണ്ട്. ശബരിമലയിലേക്ക് തിരുവാഭരണ യാത്രയുടെ ഭാഗമായി പന്തളം മുതല്‍ സന്നിധാനം വരെ അകമ്പടി സേവിച്ചു പോകുന്നതാണ് വിഭിന്നമായ ജോലി അനുഭവം. മറ്റെല്ലാ സന്ദര്‍ഭങ്ങളിലും കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളാണു പകര്‍ത്തേണ്ടി വരികയെന്നു ജയദേവകുമാര്‍ പറയുന്നു.

2012ലെ ഓള്‍ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റില്‍ ക്രൈം സീന്‍ ഫോട്ടോഗ്രഫിയില്‍ മെഡല്‍ ലഭിച്ച ഇദ്ദേഹം സംസ്ഥാനതല ഡ്യൂട്ടി മീറ്റുകളില്‍ ഫോട്ടോഗ്രഫിയിലും വിഡിയോഗ്രഫിയിലും 6 വര്‍ഷം വിജയിയായിരുന്നു. 2014 മുതല്‍ കുറ്റാന്വേഷണത്തിന്റെ ഭാഗമായി നൂറോളം രേഖാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കേരള പോലീസ് അക്കാദമിയില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയാണ്. ഭാര്യ അധ്യാപികയായ അമ്പിളി, മകന്‍ നെവീന്‍ദേവ്.