Sunday, May 5, 2024
educationkeralaNewspolitics

സര്‍വകലാശാലകളില്‍ ഇഷ്ടക്കാര്‍ക്ക് ചാര്‍ജ്ജ് കൊടുത്ത് ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത് : വിഡി സതീശന്‍

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയായ സര്‍വകലാശാലകളില്‍ ഇഷ്ടക്കാര്‍ക്ക് ചാര്‍ജ്ജ് കൊടുത്ത് ഇന്‍ചാര്‍ജ് ഭരണ തകര്‍ച്ചയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എട്ട് സര്‍വകലാശാലകളില്‍ വിസിമാരില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. സേര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റി പ്രതിസന്ധിയിലാണ്. സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി. 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാര്‍ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുന്നു.കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം വിചിത്രസംഭവമെന്നും വിഡി സതീശന്‍ പ്രതികരിച്ചു. കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ ഇത് ചെയ്തതെന്ന് ചോദിച്ച സതീശന്‍ എസ്എഫ്‌ഐ നേതൃത്വം ക്രിമിനലുകളുടെ കയ്യിലെന്നും പറഞ്ഞു. സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കാട്ടാക്കട പ്രിന്‍സിപ്പലിനെയും സമ്മര്‍ദ്ദം ചെലുത്തിയവരേയും എല്ലാം ഉള്‍പ്പെടുത്തി അന്വേഷണം വേണം, ക്രിമിനല്‍ കുറ്റമാണ്. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചവെന്ന് ദൃശ്യങ്ങള്‍ സഹിതം വിഡി ആരോപിച്ചു. റോഡിലെ ക്യാമറ പ്രതിപക്ഷം ഇനി നിയമവഴിക്ക് നീങ്ങും. കള്ള കമ്പനികളെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കുന്നു. ഇനിയും അഴിമതി കഥകളുണ്ട്. എല്ലാം പുറത്ത് വന്നാല്‍ മുഖ്യമന്ത്രി തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും. യുഡിഎഫ് വിപുലീകരണത്തിന് തീരുമാനം ഉണ്ട്. ഒരു പാര്‍ട്ടിയുമായും കൂടിയാലോചന നടത്തിയിട്ടില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇനിയും സമയം ഉണ്ട്. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.