Tuesday, April 30, 2024
keralaNewspolitics

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓര്‍ക്കണം; വിഡി സതീശന്‍

കൊച്ചി: കോണ്‍ഗ്രസുകാരായ തന്റെ നേതാക്കളാണ് തനിക്കെതിരെ പടയൊരുക്കം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവര്‍ സി പിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേര്‍ന്നവര്‍ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓര്‍ക്കണം. നടപടി വേണം എന്ന് താന്‍ പറയുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇപ്പോഴത്തെ യോഗം വാര്‍ത്തയാകുന്നത്. പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് കേസിനെ എതിര്‍ക്കുന്നില്ല. ധൈര്യമുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ താന്‍ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണെന്നും ഹൈക്കോടതിയും നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും സതീശന്‍ പറഞ്ഞു.  ഇപ്പോള്‍ ഈ കേസ് എന്തിനെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരില്‍ പ്രതിക്കൂട്ടിലാണ്. ഏതന്വേഷണത്തോടും സഹകരിക്കും. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. കെ ഫോണില്‍ ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിക്കുന്നുണ്ട്. ചൈനീസ് കേബിളിന് നിലവാരമില്ലെന്ന് കെഎസ്ഇബി ആണ് പറഞ്ഞത്. വന്‍ അഴിമതിയാണ് കെഫോണ്‍ കേബിള്‍ ഇടപാടിലേത്. പരീക്ഷ വിവാദത്തില്‍ പ്രതികളെ അറസ്റ്റ്‌ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ മറുപടി പറയണം. എന്‍ ഐ.സിക്ക് തെറ്റുപറ്റിയെങ്കില്‍ എന്തുകൊണ്ടാണ് മഹാരാജാസ് തിരുത്താതിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് പങ്കുണ്ട്. പി.എസ് സി പരീക്ഷയില്‍ വരെ ആള്‍മാറാട്ടം നടത്തിയവരാണ് എസ് എഫ് ഐക്കാര്‍ പൊലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.