Sunday, May 5, 2024
keralaNews

മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ നടത്തി തനിയ്‌ക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്.കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുംവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.അതേസമയം നടിയെ ആക്രമിച്ച കേസില്‍ നാളെ അഞ്ച് വര്‍ഷം പൂര്‍ത്തിയാകും. ഇപ്പോഴും നീതി കിട്ടാതെ അതിജീവിത നിയമപോരാട്ടത്തിലാണ്. വിചാരണയുടെ അന്തിമ ഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും സങ്കീര്‍ണ്ണമാക്കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയ പരിധിയും ഇന്ന് അവസാനിക്കും. സിനിമ ലോകവും കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവര്‍ത്തകന്റെ ക്വട്ടേഷന്‍ ബലാത്സംഗം എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നില്‍ ചുരുളഴിയാത്ത നിരവധി സംശയങ്ങള്‍ ബാക്കിയാണ്.203 മത്തെ സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് കോടതി നടപടികളില്‍ എതിര്‍പ്പുയര്‍ത്തി രണ്ടാമത്തെ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറും രാജി വെച്ചത്. ഇതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസിലെ സങ്കീര്‍ണ്ണതകള്‍ കൂട്ടി പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നതും കേസില്‍ തുടര്‍ അന്വേഷണം ഉണ്ടാകുന്നതും. അധികമായി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ 5 സാക്ഷികളുടെ വിസ്താരം മാത്രമായിരുന്നു ഇനി നടക്കേണ്ടത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലില്‍ തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.വെളിപ്പെടുത്തല്‍ ആയുധമാക്കി ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ഉദ്യോഗദസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ക്രൈം ബ്രാഞ്ച് എടുത്ത കേസ് പ്രതികളെ നടി കേസില്‍ കൂടുതല്‍ കരുക്കിലാകുമെന്ന് ഏവരും കരുതി. എന്നാല്‍ തെളിവ് എവിടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുന്നില്‍ കാര്യമായ ഉത്തരമില്ലാതെ അന്വേഷണ സംഘം വിയര്‍ത്തു. തുടര്‍ അന്വേഷണം തന്നെ ചോദ്യം ചെയ്ത് നിലവില്‍ ദിലീപ് നിലവില്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിലും ഏറെ നിര്‍ണ്ണായകമാകും.ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.