Friday, May 3, 2024
keralaNewspolitics

വയനാട്ടില്‍ രാജി തുടരുന്നു; ഇടത്തോട്ടും വലത്തോട്ടും ചാടി നേതാക്കള്‍

വയനാട്ടില്‍ കോണ്‍ഗ്രസില്‍നിന്നു രാജി തുടരുന്നു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ടത്. ബത്തേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. തുടര്‍ച്ചയായി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതിനിടെ, സിപിഎം പുല്‍പള്ളി ഏരിയ കമ്മിറ്റിയംഗവും കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടറുമായ ഇ.എ. ശങ്കരനെ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിക്കാനായതാണു പാര്‍ട്ടിയുടെ ആശ്വാസം. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് ദേശീയ ഉപാധ്യക്ഷനുമായ ശങ്കരന്‍ ഡിസിസി ഓഫിസിലെത്തിയാണു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ഒരേ സമുദായത്തിലെയും ഒരേ പഞ്ചായത്തിലെയും ആളുകളെ മാത്രം സ്ഥിരമായി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചാണു രാജിയെന്ന് വിശ്വനാഥന്‍ പറഞ്ഞു. ബത്തേരിയില്‍ ഐ.സി.ബാലകൃഷ്ണന്‍ മൂന്നാമതും യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെയാണ് വിശ്വനാഥന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബത്തേരിയിലെ കുറുമ സമുദായ നേതൃത്വം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബാലകൃഷ്ണനും മാനന്തവാടിയില്‍ പരിഗണിക്കുന്ന പി.കെ.ജയലക്ഷ്മിയും കുറിച്യ സമുദായാംഗങ്ങളാണ്.

അന്തരിച്ച മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനും കെപിസിസി നിര്‍വാഹക സമിതിയംഗവുമായ കെ.കെ. വിശ്വനാഥന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. അനില്‍കുമാര്‍ എല്‍ജെഡിയിലും ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാല്‍ സിപിഎമ്മിലേക്കു പോയതും അടുത്തിടെയാണ്. ഐ.സി.ബാലകൃഷ്ണന്‍ മാനന്തവാടിയിലേക്കു മാറിയാല്‍ ബത്തേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാമെന്ന കണക്കുകൂട്ടലിലാണ് ശങ്കരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതെന്നു സൂചനയുണ്ട്. ആദിവാസി കോണ്‍ഗ്രസ് നേതാവായിരുന്ന ശങ്കരന്‍ 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മത്സരിക്കാനാണ് സിപിഎമ്മില്‍ ചേര്‍ന്നത്.