Tuesday, May 7, 2024
keralaNews

മണ്ഡല പൂജക്കായുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു

പത്തനംതിട്ട; ശബരിമലയില്‍ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്ക അങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്. 73 കേന്ദ്രങ്ങളിലെ സ്വീകരണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച വൈകിട്ട് തങ്ക അങ്കി സന്നിധാനത്തെത്തും. അന്ന് വൈകിട്ട് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന.ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിന് അവസരം ഒരുക്കിയിരുന്നു. ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ വര്‍ഷം രഥഘോഷയാത്ര സന്നിധാനത്ത് എത്തിയത്. കൊറോണ ഇളവുകള്‍ വന്നതോടെ സാധാരണ തീര്‍ത്ഥാടന കാലം പോലെയാണ് ഇത്തവണ രഥഘോഷയാത്ര. എല്ലാത്തവണയും പോലെ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണമുണ്ടാകും. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30ന് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. ഞായറാഴ്ച്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി നട അടയ്ക്കും. 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.