Friday, May 3, 2024
Uncategorized

വള്ളിയാങ്കാവ് ദേവീ ക്ഷേത്രത്തില്‍ മലയരയവിഭാഗത്തെ അപമാനിച്ച് പുജാദ്രവ്യങ്ങളുടെ കച്ചവടത്തിന് ദേവസ്വം ബോര്‍ഡിന്റെ വിലക്ക്.

ചിത്രത്തിൽ ആദ്യത്തെ കട മലയര വിഭാഗത്തിലെ ഗംഗാധരൻ സ്വാമിയുടെ എണ്ണക്കടയും , ഉള്ളിൽ കാണുന്നത് ദേവസ്വം ബോർഡിന്റെ എണ്ണക്കടയും .

ചരിത്രപ്രസിദ്ധമായ വള്ളിയാങ്കാവ് – ദേവീക്ഷേത്രത്തില്‍ മലയരയ വിഭാഗത്തില്‍പ്പെട്ടയാള്‍ നടത്തിവന്ന കടയിലെ പുജാദ്രവ്യങ്ങളുടെ കച്ചവടത്തിന് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു.തലമുറകളായി കൈമാറി വരുന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രസങ്കേതത്തില്‍ മലയരയവിഭാഗത്തിന്റെ തിരുശേഷിപ്പുമായി ഇന്നും പൂജാദ്രവ്യങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന ശങ്കര സ്വാമിയുടെ ചെറിയ കട പൊളിച്ചുമാറ്റാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

അടുത്ത കാലത്താണ് മലയരയ സമുദായത്തിന്റെ കയ്യില്‍ നിന്ന് ദേവസ്വം ബോര്‍ഡ് വള്ളിയങ്കാവ് ക്ഷേത്രം ഏറ്റെടുക്കുന്നത്.ഈ ക്ഷേത്രത്തിന്റെ വെളിയിലുള്ള കടയില്‍ നിന്നും വാങ്ങുന്ന പൂജാദ്രവ്യങ്ങളും, ഭക്തര്‍ കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങളും ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന തീരുമാനത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന മദ്യം, കോഴി ഇത്യാദി സാധനങ്ങള്‍ക്ക് വിലക്കുമില്ല.ദേവസ്വം ബോര്‍ഡിന്റെ കരിനിയമത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുണ്ടക്കയത്ത് കമ്മീഷണര്‍ ഓഫീസിന് മുന്നിലും, ദേവസ്വം മാനേജര്‍ ഓഫീസിനു മുന്നിലും സമരം നടത്തുമെന്ന് ഐക്യവേദി ഇടുക്കി ജില്ല സംഘടനാ സെക്രട്ടറി മുരളീധരന്‍ കൊടികുത്തി കോട്ടയം ജില്ല സെക്രട്ടറി അനില്‍ മാനമ്പള്ളി പീരുമേട് താലൂക്ക് സെക്രട്ടറി അരുണ്‍ വള്ളിയാങ്കാവ് കാഞ്ഞിരപ്പള്ളി താലുക്ക് സെക്രട്ടറി വി.ബി സുനീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

കോവിഡ് മാനദണ്ഡപ്രകാരം പുറത്ത് നിന്നുള്ള സാധനങ്ങള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത് ദേവസ്വം ബോര്‍ഡ് വിലക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ സമീപ പ്രദേശങ്ങളായ വണ്ടിപ്പെരിയാര്‍ , പീരുമേട് , പെരുവന്താനം,മുണ്ടക്കയം പാലൂര്‍ക്കാവ് എന്നീ പ്രദേശങ്ങള്‍ നിരവധി തവണ കണ്ടെയ്‌മെന്റ് സോണാക്കുകയും,ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് പുറത്ത് നിന്നും കൊണ്ടുവരുന്ന സാധനങ്ങള്‍ വിലക്കിയതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുണ്ടക്കയം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഒ . ജി ബിജു ‘ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.