Friday, May 3, 2024
indiakeralaNews

ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം ഔദ്യോഗിക പ്രഖ്യാപനം വെളളിയാഴ്ച ഉണ്ടായേക്കും…

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ ഉണ്ടായേക്കുമെന്ന് വിവരം. വെളളിയാഴ്ചയാണ് കേരള കോണ്‍ഗ്രസിന്റെ ജന്മദിനം. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകാനുള്ള സാദ്ധ്യതകള്‍ ഏറെയാണെന്ന് ജോസ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.

ജോസ് വിഭാഗത്തിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി യോഗം വെളളിയാഴ്ച ഓണ്‍ലൈനായി ചേരുന്നുണ്ട്. തദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള സീറ്റുകള്‍ സംബന്ധിച്ച് സി.പി.എമ്മുമായി ഇതിനോടകം ധാരണയിലെത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മത്സരിക്കുന്ന വാര്‍ഡുകളുടെ അടക്കം പട്ടിക ജോസ് വിഭാഗം സി.പി.എമ്മിന് കൈമാറി.രണ്ടില ചിഹ്നത്തില്‍ ഹൈക്കോടതിയുടെ തീരുമാനവും അടുത്തയാഴ്ചയുണ്ടാകും. മറ്റന്നാള്‍ ഇതു സംബന്ധിച്ച വാദം കോടതിയില്‍ ആരംഭിക്കും. ചിഹ്നവും കൂടി ലഭിക്കുന്നതോടെ കൂടുതല്‍ അണികളെ ഒപ്പം നിര്‍ത്താമെന്നും നേതാക്കള്‍ വിശ്വസിക്കുന്നു. മുന്നണി പ്രവേശനം പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ ജോസ് കെ മാണി രാജ്യസഭ സീറ്റ് രാജിവയ്ക്കുമെന്നും സൂചനയുണ്ട്.

ജോസ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഘടകങ്ങള്‍ക്ക് സി.പി.എം നിര്‍ദേശം നല്‍കി. എന്നാല്‍ ജോസിന്റേയും കൂട്ടരുടേയും മുന്നണി പ്രവേശനത്തിന് സി.പി.ഐ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല. മുന്നണി സംബന്ധിച്ച് സംസ്ഥാന തലത്തില്‍ ധാരണയായ ശേഷം മാത്രം പ്രാദേശിക തലത്തില്‍ സഹകരണം മതിയെന്നാണ് ജില്ലാ ഘടകങ്ങള്‍ക്ക് സി.പി.ഐ സംസ്ഥാന നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.