Friday, May 17, 2024
keralaNews

‘വാളയാര്‍’ അമ്മ പ്രചാരണമാരംഭിച്ചു…

ആ അമ്മ ചോദിച്ചു വാങ്ങിയതാണ് ആ കുഞ്ഞുടുപ്പ്. പൊന്നുമക്കളുടെ പ്രതീകമായി. കരയിപ്പിക്കുകയാണ് വീണ്ടും വീണ്ടും കേരളത്തെ ഈ തിരഞ്ഞെടുപ്പ് ചൂടിനും ആവേശത്തിനുമിടയിലും ആ കുഞ്ഞുടുപ്പ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രചാരണമാരംഭിച്ചു. ധര്‍മടത്ത് മുന്നണികളുടെ പ്രചാരണ ബോര്‍ഡുകള്‍ക്കിടെയില്‍ ചിലതില്‍ ആ അമ്മയ്ക്കുള്ള വോട്ടഭ്യര്‍ത്ഥനയുമുണ്ട്. വാളയാര്‍ അമ്മയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനായിരുന്നു ഇന്നലെ.വാളയാര്‍ നീതി സമരസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം ട്രാവലറില്‍ നിന്ന്, നിറം മങ്ങിയ ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത് ഏറ്റവുമൊടുവിലായി അമ്മയിറങ്ങി. നീതിയാത്രയുടെ ഭാഗമായി മുന്‍പ് അവര്‍ ധര്‍മടത്തെത്തിയപ്പോള്‍ അമ്മമാര്‍ക്ക് നല്‍കാനായി കത്തും കരുതിയിരുന്നു. വേദിയിലെ പ്രസംഗങ്ങളില്‍ കണ്ണു നിറയുമ്പോള്‍ ആ അമ്മ മുഖം താഴ്ത്തിയിരിക്കും. ഒടുവില്‍ മൈക്കിനു മുന്‍പിലെത്തിയപ്പോള്‍ സമയം 5 കഴിഞ്ഞു.എംഎല്‍എയാകാനോ മന്ത്രിയാകാനോ അല്ല, നീതിയെവിടെയെന്ന് മുഖ്യമന്ത്രിയോട് നേരിട്ടു ചോദിക്കണം എന്നു പറഞ്ഞു തുടങ്ങിയ അമ്മ പല തവണ കണ്ഠമിടറി, വിതുമ്പി ..പോരാട്ടം ധര്‍മത്തിനു വേണ്ടിയെന്നും അമ്മ പറയുന്നു…