Thursday, May 2, 2024
keralaNewsObituary

ഓമനിച്ചു തീരും മുന്‍പേ അച്ഛനും അമ്മയും പോയി

ഓമനിച്ച് ആശ തീരും മുന്‍പേ ഒന്നര വയസ്സുകാരി മിത്രയെ തനിച്ചാക്കി അച്ഛനും അമ്മയും പോയി. ഈ പൊന്നോമന ഇനി ബന്ധുക്കളുടെ തണലില്‍. കഴിഞ്ഞ രാത്രിയാണു മിത്രയുടെ രക്ഷിതാക്കളായ കഞ്ചിക്കോട് നേതാജി നഗര്‍ മണികണ്ഠന്‍ മകന്‍ മനു(29), ദൃശ്യ(22) എന്നിവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയാണു ആദ്യം ദൃശ്യയും പിന്നാലെ മനുവും ആത്മഹത്യ ചെയ്തത്.ഇന്നലെ ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കു ഞ്ഞിനെ കഞ്ചിക്കോട് ചെടയന്‍കാലായില്‍ താമസിക്കുന്ന ദൃശ്യയുടെ അമ്മ സരിതയുടെ അടുത്തേക്ക് മാറ്റി. അതേ സമയം ദമ്പതികളുടെ ആത്മഹത്യയ്ക്കു കാരണം സാമ്പത്തിക ബാധ്യതയും കുടുംബവഴക്കുമാണെന്നു സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. കഞ്ചിക്കോട് വര്‍ക് ഷോപ്പ് ജീവനക്കാരനായ മനുവും ദൃശ്യയും പ്രണയിച്ചു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായവരാണ്. ജോലി കുറഞ്ഞതോടെ സാമ്പത്തികമായി ഇവര്‍ തകര്‍ന്നിരുന്നെന്നും ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ പണയപ്പെടുത്തിയിരുന്നെന്നുമാണു ബന്ധുക്കളുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇരുവരും കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കളും വിവാഹ പരിപാടികളിലും പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.

സംഭവ ദിവസം രാത്രി വഴക്കിനെത്തുടര്‍ന്നു മനു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ നേരം കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി ദൃശ്യ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. മനു തിരിച്ചെത്തിയപ്പോഴാണു ദൃശ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മനു വിവരമറിയിച്ചതിനെ തുടര്‍ന്നു ഉടന്‍ അയല്‍വാസികളെ ഓടിയെത്തി. അയല്‍വാസികളും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു ദൃശ്യയെ ആംബുലന്‍സിലേക്കു മാറ്റുന്നതിനിടെ തൊട്ടടുത്ത മുറിയിലേക്ക് കയറി മനു വാതിലടച്ചു.

എല്ലാവരും പുറത്തെത്തിയിട്ടും മനുവിനെ കാണാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വീണ്ടും വീട്ടിനകത്തേക്കു കയറി. പൂട്ടിയിട്ട മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മനുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ ഡയറിയിലും സാമ്പത്തിക ബാധ്യത സംബന്ധിച്ച് വിവരങ്ങളുണ്ടായിരുന്നെന്നും സ്ഥലത്തെത്തിയ കസബ പൊലീസ് എസ്‌ഐ ആര്‍.പൈലോത്ത് അറിയിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.