Monday, April 29, 2024
indiaNewspolitics

ഏക സിവില്‍ കോഡ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍ കോഡിനായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചു. നാളെ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് നടപടി. ഇന്ന് ചേര്‍ന്ന് മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം വിമര്‍ശനങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചിരുന്നു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവില്‍കോഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് ബിജെപി തീരുമാനം.തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ പാസാക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍ എന്നിവ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍ന്ന് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികള്‍ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.