Friday, May 10, 2024
keralaNewsworld

യുക്രെയ്‌നില്‍ വന്‍സ്ഫോടനങ്ങള്‍ :മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യാക്കാര്‍ കുടുങ്ങി.

കീവ് :പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ പറഞ്ഞു. വിമാനസര്‍വീസുകള്‍ ഇല്ലാത്തത് നാട്ടിലേക്കുളള മടക്കം പ്രതിസന്ധിയിലാക്കിയെന്നും മുഹമ്മദ് സാബിര്‍ പറഞ്ഞു.
നാട്ടിലേക്ക് വരാനായി കീവ് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് യുക്രൈയിനുള്ള മലയാളി എംബിബിഎസ് വിദ്യാര്‍ഥി ആതിര ഷാജിമോന്‍ പറഞ്ഞു. ഇതോടെ യാത്രമുടങ്ങിയെന്നും എത്രയും വേഗം തങ്ങളെ നാട്ടിലെത്തിക്കണമെന്നും ആതിര പറഞ്ഞു.
രാവിലെ അഞ്ചു മണിയോടെ മൂന്നു സ്‌ഫോടനശബ്ദം കേട്ടെന്ന് കീവിലുള്ള മലയാളി വിദ്യാര്‍ഥി ഹസനുള്‍ ഫായിസ്.കീവില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ് എല്ലാവരും.
രാവിലെ അഞ്ചു മണിയോടെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് കാര്‍ക്കീവില്‍ മെഡിക്കല്‍ പഠനം നടത്തുന്ന കണ്ണൂര്‍ സ്വദേശിനി പറഞ്ഞു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വിദ്യാര്‍ഥികളെല്ലാം ഭയത്തോടെയാണു കഴിയുന്നത്. ഇപ്പോള്‍ ഫ്‌ലാറ്റില്‍നിന്നു പുറത്തിറങ്ങുന്നില്ല. ഏതാനും സുഹൃത്തുക്കള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. നഗരത്തില്‍ ഭക്ഷണത്തിനു വേണ്ടിയുള്ള നീണ്ട ക്യൂവാണെന്ന് അവര്‍ പറയുന്നു.ഇന്നലെ വരെ ക്ലാസ് ഉണ്ടായിരുന്നു.എന്നാല്‍ രാവിലെ തന്നെ ഡീന്‍ വിളിച്ച് ഇനി ക്ലാസിനു പോകേണ്ടെന്നാണു പറയുന്നത്. നാട്ടില്‍നിന്ന് ബന്ധുക്കള്‍ പലരും വിളിച്ച് കരയുന്നുണ്ട്. എംബസിയില്‍നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിയതായി കേള്‍ക്കുന്നു. എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുകയാണെങ്കില്‍ സുരക്ഷിതമായ മറ്റേതെങ്കിലും നഗരത്തിലേക്കു പോകാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി ഇന്ത്യക്കാരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കി പ്രവര്‍ത്തിക്കുന്നുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.