Saturday, May 4, 2024
keralaNewspolitics

യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

യു ഡി എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം. വീടിനു മുന്നില്‍നിന്ന് ഫെയ്സ്ബുക് ലൈവ് നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്നും ഇയാള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വലംകൈയാണെന്നും അരിത ആരോപിച്ചു. സംഭവത്തില്‍ ഫെയ്സ്ബുകില്‍ ലൈവ് വിഡിയോ പങ്കുവച്ച ബാനര്‍ജി സലിം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ അരിതയും കുടുംബവും അയല്‍വാസികളും, കായംകുളത്ത് യു ഡി എഫ് ‘അരിതാരവം’ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്‌ബോഴാണ് സംഭവം. 3 ജനാലച്ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ഗോവിന്ദമുട്ടം വടക്ക് കൊച്ചുമുറിയിലാണ് അരിതയുടെ വീട്. യു ഡി എഫ് പ്രചരിപ്പിക്കുന്നതു പോലെ നിര്‍ധന കുടുംബമല്ല അരിതയുടേതെന്ന് വരുത്താനാണ് ലൈവ് വിഡിയോയിലൂടെ ശ്രമിച്ചതെന്നാണ് സൂചന.വിഡിയോയില്‍ അരിതയെ പരിഹസിക്കുന്നുമുണ്ട്. ‘അരിത കിടക്കുന്നത് എരുത്തിലിലാണെന്ന്. എരുത്തിലിലാണെങ്കില്‍ പശുവുമില്ല. അരിത എന്താണെന്നു മനസ്സിലാക്കണം. പ്രിയങ്ക ഗാന്ധി വന്ന വീടാണ്. വൈറലായോ’ എന്നിങ്ങനെയൊക്കയാണ് വിഡിയോയില്‍ പറയുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു പ്രതിഭയെ അനുകൂലിക്കുന്ന ഒട്ടേറെ പോസ്റ്റുകള്‍ ബാനര്‍ജി സലിം എന്ന പ്രൊഫൈലിലുണ്ട്.

കസ്റ്റഡിയിലെടുത്ത ആള്‍ സി പി എം അനുഭാവിയാണെന്ന് ഫെയ്സ്ബുക് പ്രൊഫൈലില്‍ വ്യക്തമാണെന്നും ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നു അന്വേഷിക്കുന്നുണ്ടെന്നും ഡി വൈ എസ് പി അലക്സ് ബേബി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഡി വൈ എസ് പി പറഞ്ഞു.

ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവര്‍ത്തന രംഗത്ത് ചുവടുറപ്പിച്ച, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളില്‍ ഒരാളായ അരിതയ്ക്ക് പൊതുസമൂഹത്തില്‍ നിന്നു ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളി പിടിച്ചാണ് സി പി എം ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി.

സമാനമായ രീതിയില്‍ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ പ്രചാരണത്തിനു നേരെയും സിപിഎമ്മുകാര്‍ ആക്രമണം നടത്തി. പൊതുസമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.