Friday, May 3, 2024
keralaNewsObituary

ശ്രീനിവാസന്റെ കൊലപാതകം. പിന്നില്‍ രാഷ്ട്രീയ വൈരം; എഫ്ഐആര്‍ പുറത്ത്

പാലക്കാട് : പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് വ്യക്തമാക്കി എഫ്ഐആര്‍.           

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പോപ്പുലര്‍ഫ്രണ്ട് കാര്‍ ശ്രീനിവാസിനെ ആക്രമിച്ചത്. കൊലപാതകം ആസൂത്രിതമാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറ് പേരാണ് എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയത്.

മാരകായുധങ്ങളും വാളുകളുമായി എത്തിയവരില്‍ മൂന്ന് പേര്‍ ശ്രീനിവാസിന്റെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതിനിടെ മരിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

പോപ്പുലര്‍ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലെ രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണമെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയായിരുന്നു ശ്രീനിവാസിനെ പോപ്പുലര്‍ഫ്രണ്ട് കാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഭൗതികദേഹം ബിജെപി നേതാക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വിലാപയാത്രയായി സംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകും.

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ വിലാപയാത്ര അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വിലാപയാത്ര നടത്തുമെന്ന ഉറച്ച നിലപാടില്‍ ആണ് ബിജെപി.