Friday, May 10, 2024
keralaNews

തൃശൂര്‍ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് കടകംപള്ളി

തൃശൂര്‍ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വംബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉന്നതാധികാരസമിതിയുമായി ആലോചിച്ച് പൂരം നടത്തിപ്പില്‍ ഇളവുകള്‍ അനുവദിക്കും. മനോരമ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏതെല്ലാം നിയന്ത്രണങ്ങള്‍? നീക്കണമെന്നും ഏതെല്ലാം നിലനിര്‍ത്തണമെന്നും സംബന്ധിച്ച അന്തിമ തീരുമാനം ഉന്നതാധികാര സമിതിയാകും കൈക്കൊള്ളുക.അതേസമയം, തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഏകദിന ഉപവാസം നടത്തി. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനാണ് സമരം ഉദ്ഘാടനം ചെയ്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവച്ച് പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്ബാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം.പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്‌ബേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാന്‍ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ഉന്നയിച്ച ചോദ്യം. ആളുകളെ വേണമെങ്കില്‍ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.