Friday, May 3, 2024
keralaNews

ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍.

ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍. ഹരിയാന, ഛത്തീസ്ഗര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ചണ്ഡിഗര്‍ എന്നീ സംസ്ഥാനങ്ങള്‍ അവരവരുടെ താരങ്ങള്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയാല്‍ ആറു കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 75 ലക്ഷം രൂപക്ക് പുറമേയാണിത്. വെള്ളി നേടുന്നവര്‍ക്ക് സംസ്ഥാനങ്ങള്‍ നാലു കോടിയും വെങ്കലത്തിന് 2.5 കോടിയും സമ്മാനതുക പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 50 ലക്ഷവും വെങ്കലജേതാക്കള്‍ക്ക് 30 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.അമേരിക്ക, ജപ്പാന്‍, കാനഡ, ജര്‍മനി, ഓസ്‌ട്രേലിയ, റഷ്യ, ഇറ്റലി, ഫ്രാന്‍സ് മുതലായ ലോകരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനതുകയേക്കാളും വളരെ ഉയര്‍ന്നതാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന സമ്മാനതുക.ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ സമ്മാനതുക ലഭിക്കുക ഇന്തോനേഷ്യയില്‍ നിന്നുള്ള താരങ്ങള്‍ക്കാണ്. 7.46 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഇന്തോനേഷ്യ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു നല്‍കുക. ഇത് ഏകദേശം 5.5 കോടി രൂപ വരും.അമേരിക്ക തങ്ങളുടെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു നല്‍കുന്നത് 37,500 ഡോളര്‍ (28 ലക്ഷം രൂപ) മാത്രമാണ്. ആതിഥേയ രാഷ്ട്രമായ ജപ്പാന്‍ 45,200 ഡോളറും (34 ലക്ഷം രൂപ) റഷ്യ 61000 ഡോളറും (45 ലക്ഷം രൂപ) ജര്‍മനി 22000 ഡോളറുമാണ് (16 ലക്ഷം രൂപ) ആണ് സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു നല്‍കുന്നത്.