Monday, May 6, 2024
HealthkeralaNews

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു

സംസ്ഥാനത്തു കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്നതിനൊപ്പം ആശുപത്രികളിലും പ്രതിസന്ധി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രണ്ടു ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു.

സംസ്ഥാനത്ത് ഇന്നലെ 18,257 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണത്തിനു ജില്ലകള്‍ക്കു സര്‍ക്കാര്‍ 5 കോടി രൂപ വീതം അനുവദിച്ചു. കലക്ടര്‍മാര്‍ക്കാണു വിനിയോഗിക്കാനുള്ള അധികാരം. സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആകെയുണ്ടായിരുന്ന 3 ലക്ഷത്തോളം ഡോസില്‍ ഒരു ലക്ഷത്തോളം ഇന്നലെ ഉപയോഗിച്ചു. ഇന്നു പൂര്‍ണതോതില്‍ വാക്‌സീന്‍ നല്‍കണമെങ്കില്‍ 2 ലക്ഷത്തിലേറെ ഡോസ് വേണം.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്നവര്‍ക്കു സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. പരിശോധന നടത്തിയില്ലെങ്കില്‍ 14 ദിവസം മുറികളില്‍ ഐസലേഷനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വാക്സീന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിനു മുന്‍പുള്ള 48 മണിക്കൂറിനിടെ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ പരിശോധന നടത്തണം. ഫലം ലഭിക്കുന്നതുവരെ വീട്ടില്‍ ഐസലേഷനില്‍ കഴിയണം.