Friday, May 3, 2024
keralaNewsUncategorized

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പാടശ്ശേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട പഞ്ചാര ബിജു ഉള്‍പ്പടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാടശ്ശേരി പണയില്‍ വീട്ടില്‍ വാവാച്ചി എന്ന് വിളിക്കുന്ന ശരതിനെ (26) -യാണ് സംഘം പാടശ്ശേരിയിലുള്ള ചതുപ്പ് പുരയിടത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുകാലുകള്‍ക്കും തലയ്ക്കും വലത് കൈക്കും മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക് വിധേയനായി ചികിത്സയിലാണ്. കല്ലടി മുഖം ഫ്‌ലാറ്റില്‍ താമസിക്കുന്ന പഞ്ചാര ബിജു (46)വിനെ കൂടാതെ പാടശേരി സ്വദേശി പാടശേരി ബൈജു എന്ന് വിളിക്കുന്ന ബൈജു (40), പാടശേരി സ്വദേശി ശിവകുമാര്‍ (42), പാടശേരി സ്വദേശി ജയേഷ് (37), പാടശേരി സ്വദേശി അനീഷ് (35), പാടശേരി സ്വദേശി ഇഞ്ചിവിള ബാബു എന്നറിയപ്പെടുന്ന ബാബു (58) എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ ശരത്തും പ്രതികളും തമ്മില്‍ നേരത്തേ തന്നെ ശത്രുതയിലായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതികളിലൊരാളായ  ശിവകുമാറിന്റെ ഓട്ടോറിക്ഷ ശരത് സംഭവ ദിവസം പുലര്‍ച്ചെ അടിച്ചു തകര്‍ത്തിലുള്ള വിരോധമാണ് സംഘം ചേര്‍ന്ന് ശരത്തിനെ കൊലപ്പെടുത്താന്‍ പ്രേരണയായത്. തിരുവനന്തപുരം സിറ്റി സെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലിസ് വി.അജിതിന്റെ നിര്‍ദ്ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ രാകേഷ്, എസ് ഐമാരായ ദിനേശ്, അഭിജിത്, ഉത്തമന്‍, ജസ്റ്റിന്‍രാജ്, എ എസ് ഐ രതീന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബു, വിനോദ്, ഗിരീഷ്, രാഗേഷ് എന്നിവരുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രശാന്ത് നഗര്‍ ഭാഗത്തുള്ള സങ്കേതത്തില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പഞ്ചാര ബിജു കൊലക്കേസടക്കം നിരവധി അടിപിടി വധശ്രമ കേസുകളിലും പാടശേരി ബൈജു അബ്കാരി കേസുകളിലും വധശ്രമ കേസുകളിലും ജയേഷ് അടിപിടി കേസുകളിലും പ്രതികളാണ്. പ്രതികളെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.