Tuesday, May 14, 2024
keralaNews

കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ മൂന്നാം ദിനം കണ്ടെത്തി.

ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കല്‍ സ്വദേശി ശ്രേയസ് (16), കണിയാപുരം മസ്താന്‍മുക്ക് സ്വദേശി സാജിദ് (19)എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.പെരുമാതുറ പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ പുലര്‍ച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദ്ദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രേയസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആണ്. ശ്രേയസിനെ രക്ഷിക്കുന്നതിനിടെ ആണ് സാജിദ് തിരയില്‍ പെട്ടത്.

ക്രിസ്മസ് ദിനത്തില്‍ വൈകീട്ടോടെയാണ് പുത്തന്‍തോപ്പിലും അഞ്ച് തെങ്ങിലുമായി മൂന്ന് യുവാക്കളെ കടലില്‍ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനായി എത്തി കടലില്‍ ഇറങ്ങിയവര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇതില്‍ അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ മാമ്പള്ളി ഓലുവിളാകത്ത് സജന്‍ ആന്റണി (35) ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വെട്ടൂര്‍ റാത്തിക്കല്‍ നിന്നും ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയിരുന്നത്.