Wednesday, May 15, 2024
keralaNews

കേരളത്തിന്റെ നേട്ടങ്ങള്‍ നിസ്തുലം; റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദനം

തിരുവനന്തപുരം: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.നീതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ നാല് വര്‍ഷം തുടര്‍ച്ചയായി കേരളം ഒന്നാമതാണ്. വാക്‌സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് ഇന്ത്യയുടെ ശക്തിയും നേതൃപാടവും തിരിച്ചറിച്ച കാലമാണിത്. കേരളത്തിന്റെ നേട്ടങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേര്‍ക്കും ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. സാക്ഷരതയിലും ആരോഗ്യത്തിലും സ്‌കുള്‍ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ രാജ്യം ശക്തമായി നേരിട്ടു. ലോകത്തെ തന്നെ വലിയ വാക്‌സിന്‍ ഡ്രൈവ് നടത്തിയെന്ന് പറഞ്ഞ ഗവര്‍ണര്‍ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചു. സ്ത്രീധന പീഡനകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. സര്‍ക്കാര്‍ വിശ്വസിക്കുന്നത് സാധാരണക്കാരിലാണെന്നും മത നിരപേക്ഷതയാണ് നമ്മുടെ മുഖമുദ്രയെന്നും മുഹമ്മദ് റിയാസ് റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. ജാതിയുടേയും മതത്തിന്റേും പേരില്‍ പ്രശ്‌നങ്ങളെ സമീപിക്കുന്ന പ്രവണത ശരിയല്ല. മത നിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണം. സ്വതന്ത്ര സമര ബിംബങ്ങള്‍ മാറ്റി ചില ബിംബങ്ങളെ പ്രതിഷ്ഠിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ശരിയല്ല. കൊവിഡ് മഹാമാരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം. എറണാകുളത്തെ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി. വയനാട് കല്‍പ്പറ്റ എസ് കെ എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി വി അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ മന്ത്രി ആന്റണി രാജുവും പാലക്കാട് ജില്ലയില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടി ദേശീയ പതാക ഉയര്‍ത്തി. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ അഭിവാദ്യം സ്വീകരിച്ചു.

മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇടുക്കിയിലെ റിപ്പബ്ലിക് ദിനാഘോഷം. കൊവിഡ് ഓരോരുത്തരും സ്വയം സംരക്ഷിക്കാന്‍ ബാധ്യത ഏറ്റെടുക്കണം. കൊവിഡ് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്വയം നിയന്ത്രണം ഏറ്റെടുക്കാനുള്ള ബാധ്യത എല്ലാവരും ഏറ്റെടുക്കണം. ഭരണ ഘടനയുടെ അന്തസ്സും കെട്ടുറപ്പും കാത്ത് സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുക്കേണ്ട സമയമാണിത്. ആരോഗ്യ, കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 വര്‍ഷം കൊണ്ട് ഇടുക്കി നേടിയത് സമാനതകള്‍ ഇല്ലാത്ത നേട്ടമാണ് ഇടുക്കി ഭൂ പ്രശ്‌നങ്ങളള്‍ നിര്‍മാണ നിരോധനം എന്നിവ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇടുക്കി പാക്കേജ് ഈ വര്‍ഷം പൂര്‍ണതയില്‍ എത്തിക്കും. സംസ്ഥാനത് കുടിവെള്ള കണക്ഷന്‍ എഴുപത് ലക്ഷം ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ഫ്‌ലോട്ടിന് അനുമതി നല്‍കാത്ത സംഭവം വേദനിപ്പിക്കുന്ന അനുഭവമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ. കാസര്‍കോട് റിപ്പബ്‌ളിക് ദിന പരിപാടിയില്‍ ദേശീയ പതാക തല തിരിച്ചുയര്‍ത്തി. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണിത്. തെറ്റ് മനസിലാക്കി പിന്നീട് ശരിയായ രീതിയില്‍ പതാക ഉയര്‍ത്തുകയായിരുന്നു. തൃശ്ശൂരില്‍ കെ രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. കൊവിഡിനെതിരായ പോരാട്ടത്തിനൊപ്പം സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെയും ഒറ്റകെട്ടായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അസമത്വങ്ങളെ ജാതി മത ഭേദമന്യേ ഒറ്റ കെട്ടായി നേരിടണം. അസമത്വങ്ങള്‍ക്കും അനീതിക്കുമെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഫെഡറലിസം തകര്‍ക്കുന്ന രീതിയാണ് ഇന്നെന്നും രാഷ്ട്രം പ്രത്യേക മതത്തിന്റേതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കണ്ണൂരില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.