Monday, April 29, 2024
keralaNewsUncategorized

അധ്യാപിക കേസ് പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: പരിക്കേറ്റ അധ്യാപിക കേസ് പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് എസ്എഫ്‌ഐ നിലപാടെടുത്തതോടെ ലോ കോളേജിലെ സമവായ ചര്‍ച്ച ഇന്നും പരാജയപ്പെട്ടു.എസ് എഫ് ഐ കേസ് പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ എസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകള്‍ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും തീരുമാനമായില്ല.കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്നായിരുന്നു ലോ കോളേജില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഈ മാസം 14ന് ലോ കോളേജില്‍ സംഘര്‍ഷമുണ്ടായി. കൊടി നശിപ്പിച്ച 24 പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ അധ്യാപകരെ 10 മണിക്കൂര്‍ ഓഫീസ് മുറിയില്‍ ബന്ധിയാക്കി എസ്എഫ്‌ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായി. ഇതോടെ ക്ലാസുകള്‍ പൂട്ടി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. പ്രശ്‌നം പരിഹരിക്കാന്‍ ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ പ്രിന്‍സിപ്പാള്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളും പരാതിയും പരസ്പരം പിന്‍വലിക്കാമെന്ന് കെഎസ്‌യുവും എസ്എഫ്‌ഐയും സമ്മതിച്ചിരുന്നു. എന്നാല്‍ 24 വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ എസ്എഫ്‌ഐ ഉറച്ച് നിന്നു. ഹൈക്കോടതി വിധി പ്രകാരം ക്യാമ്പസിനകത്ത് കൊടിമരം പാടില്ലെന്ന വാദം അധ്യാപകരും യോഗത്തില്‍ ഉയര്‍ത്തി. എസ് എഫ് ഐ കൊടിമരം മാറ്റിയാല്‍ ഇതിനോട് അനുകൂല നിലപാടെടുക്കാമെന്ന് കെഎസ്‌യു നേതാക്കള്‍ വ്യക്തമാക്കി.അധ്യാപികക്ക് എതിരായ അതിക്രമത്തില്‍ ഇതുവരെയും കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.