Thursday, May 16, 2024
keralaNewsUncategorized

ശനിയാഴ്ച നടപടി തുടങ്ങും

ഇടുക്കി: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി  വെയ്ക്കാന്‍ വനപാലക സംഘം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. റോഡുകള്‍ അടച്ചിടും. പ്രദേശത്തേക്ക് ആളുകളുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിച്ചു. മുഴുവന്‍ സംഘങ്ങളും എത്തിയ ശേഷം 24ന് മോക്ക് ഡ്രില്‍ നടത്തും. 25 ന് മയക്കുവെടി വെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 26 ന് ശ്രമിക്കുമെന്ന് ഹൈറേഞ്ച് സി സി എഫ് ആര്‍ എസ് അരുണ്‍ അറിയിച്ചു.അരിക്കൊമ്പനെ പൂട്ടാനുള്ള വയനാട്ടിലെ രണ്ടാമത്തെ ദൗത്യ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. സൂര്യ എന്ന കുങ്കിയാനയും റെയ്ഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള 6 അംഗ വനപാലക സംഘവുമാണ് ഇടുക്കിയിലേക്ക് പുറപ്പെട്ടത്. മുന്‍പും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാണ് സൂര്യന്‍. കഴിഞ്ഞ ദിവസം വിക്രം എന്ന പേരുള്ള കുങ്കിയാനയെ മുത്തങ്ങയില്‍ നിന്ന് ഇടുക്കിയില്‍ എത്തിച്ചിരുന്നു. സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കികള്‍ അടുത്ത ദിവസങ്ങളില്‍ ദൗത്യത്തിന്റെ ഭാഗമാകും.ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ കഴിഞ്ഞ മാസമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി കൂട്ടില്‍ അയക്കുകയോ ഉള്‍ക്കട്ടില്‍ തുറന്ന് വിടുകയോ ജി എസ് എം കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പന്‍ ജനുവരി മാസം മാത്രം 3 കടകളും, അരിയും മറ്റ് റേഷന്‍ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.