Thursday, May 2, 2024
keralaNewsUncategorized

കഞ്ചാവ് കടത്തല്‍: കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം: ബംഗ്ലരൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആഡംബര ബസില്‍ തായ്ലന്‍ഡ് കഞ്ചാവുമായെത്തിയ യുവതി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗ്ലരൂരില്‍ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്ന് ഹൈബ്രഡ് ഇനത്തില്‍പ്പെട്ട 15 ഗ്രാം തായ്‌ലന്റ് കഞ്ചാവ് ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്. പാറശ്ശാല സി.ഐ യുടെ നേതൃത്വത്തില്‍ പൊലീസും, ആന്റി നാര്‍ക്കോട്ടിക് സംഘവും പരശുവയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ബസ്സില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുണ്‍ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ഒരു വര്‍ഷം മുന്‍പ് കരമന സിഐടിയു റോഡില്‍ അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍വാണിഭം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ വിനിഷ എന്നും പാറശാല പൊലീസ് അറിയിച്ചു. ഈ കേസില്‍ ഒന്നാം പ്രതിയായ ഇവരുടെ ഭര്‍ത്താവ് അടുത്തിടെ കാപ്പ കേസില്‍ പിടിയിലായി ജയിലില്‍ ആണ്. പ്രതികളായ രണ്ടു പേരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.